
പ്രിയ സുഹൃത്തുക്കളെ...
ഇന്ന് എന്റെ ഇരുപത്തി ഏഴാം ജന്മദിനം ആണ്, എന്റെ ഭാര്യയുമൊന്നിച്ചുള്ള ആദ്യ ജന്മദിനം, അത് കൊണ്ട് തന്നെ എനിക്ക് ഇത് വളരെ സന്തോഷം നല്കുന്നു ... ഇരുപത്തി ഏഴു വര്‍ഷം മുന്നേ ഒരു പാവം ഉമ്മ നൊന്തുപെറ്റ എന്നെ അവര്‍ ഇന്നും സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കിവരുന്നു. എന്നെ പെറ്റഉടനെ കൊടുംകാറ്റും പേമാരിയും ഉണ്ടായെന്നാണ് കേള്‍ക്കുന്നേ ,കാരണം അത്രയ്ക്കും ജഗജില്ലി ആയിരുന്നു, പ്രസവത്തോട് കൂടെ ഉമ്മാക്ക് ഒരു സമ്മാനം ഞാന്‍ കൊടുത്തു " പ്രഷര്‍ " കാരണം എന്റെ സ്വഭാവം അത്രയ്ക്കും നല്ലതായിരുന്നു ഞാനൊന്ന് പുറത്തിറങ്ങിയാല്‍ തുടങ്ങും ഉമ്മാക്ക് പ്രഷര്‍ കൂടാന്‍ ,നല്ല സ്വഭാവം ആയതുകൊണ്ടാണ് എന്ന് വീട്ടുകാര്‍ പറയുമായിരുന്നു ആ ആതി മാറാന്‍ പിന്നെ ഞാന്‍ തിരിച്ചു വരണം. ചെറുപ്പത്തില്‍ എന്റെ അടിപിടിയെ ആണ് ഉമ്മ പേടിച്ചിരുന്നത് എങ്കില്‍ വലുതാകും തോറും അത് മറ്റൊന്നിലെക്കായി, ആരോടും പറയണ്ട മറ്റേ കേസ്, ഏത് ? അത് തന്നെന് പെണ്ണ് കേസ്സ് അയ്യോ പെണ്ണ്പിടുത്തം അല്ലാട്ടോ ലൈനടി തന്നെന്ന്.പേറെടുത്ത നേഴ്സിനെ ലൈനടിച്ച് തുടങ്ങി കുളിപ്പിക്കാന്‍ വന്ന പെണ്ണിലൂടെ എന്റെ പ്രണയം കഴിഞ്ഞ വര്‍ഷം ജൂലൈ 5 വരെ എത്തി നില്ക്കുന്നു( അന്നാണ് ഞാന്‍ ആദ്യമായി നിയയെ കാണുന്നത്) എണ്ണി നോക്കാന്‍ അറിയാത്തത് കൊണ്ടും, എണ്ണം പിടിക്കാന്‍ ഒരു സെക്രട്ടറി ഇല്ലാത്തതുകൊണ്ട് പെണ്ണുങ്ങളുടെ എണ്ണം നോക്കാന്‍ കഴിഞ്ഞില്ല.വയസ്സ് ഒരുപാട് ആയെങ്കിലും ബുദ്ധി ഇത്തിരി കുറവാണ് അതുകൊണ്ട് തന്നെ ചെയ്യുന്നതെല്ലാം മരമണ്ടത്തരം. കഴിഞ്ഞ വര്‍ഷം വരെ ആശംസകള്‍ നല്കാന് പെണ്‍കുട്ടികളുടെ ക്യൂ ആയിരുന്നു, ഇപ്രാവിശ്യം ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല കാരണം അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഞാന്‍ പെണ്ണുകെട്ടി, അല്ല ...എന്റെ പോക്ക് കണ്ടുകൊണ്ടു വീട്ടുകാര്‍ പെണ്ണ് കെട്ടിച്ചു എന്ന് പറയുന്നതാകും ശരി. ഹാ എന്തൊക്കെ ആയിരുന്നു അതുവരെ കിട്ടിയിരുന്നത്... വാച്ച് , ബെല്‍ട്ട്, ഷര്‍ട്ട് , മലപ്പുറം കത്തി , തെങ്ങാകൊല എല്ലാം പോയി, ഇനി ഇതെല്ലാം കാശു കൊടുത്തു വാങ്ങണം എന്നാലോചിക്കുമ്പോള്‍ തല കറങ്ങുന്നു... ഇതാണ് പറയുന്നേ ഈ പിള്ളേരെ പിടിച്ചു പെണ്ണ് കെട്ടിക്കരുതെന്നു. ചുമ്മാ ലൈനടിച്ച് നടക്കുവായിരുന്നേല്‍ കുറഞ്ഞത് മൂന്നാലഞ്ച് ഗ്രീറ്റിംഗ് കാര്‍ഡ് എങ്കിലും കിട്ടിയേനെ. എന്താ ചെയ്യാ എന്റെ പൂര്‍വ്വപ്രണയിനികളെ ഒന്നുല്ലേലും നിങ്ങളെ ഞാന്‍ പണ്ട് പ്രേമിച്ചതല്ലേ (ചുമ്മ) അപ്പോള്‍ ഞാന്‍ ഇപ്രാവിശ്യവും നിങ്ങളുടെ സ്നേഹസമ്മാനങ്ങള്‍ പ്രതീക്ഷിക്കുന്നു ( സ്നേഹം ഒഴിച്ച് എന്തും സ്വീകരിക്കും ) പിന്നെ ഒരു കുടുംബകലഹം ഉണ്ടാക്കാന്‍ ശ്രമിക്കരുതുട്ടോ.പിന്നെ ഇത് വായിച്ചു നിയന്ത്രണം വിടുന്ന പൂര്‍വ്വപ്രണയിനികളെ... ചില്ല് കൂട്ടിലിരുന്നെന്നെ
കല്ലെറിയല്ലേ... !.. എന്നെ പറ്റിച്ചു പോയവര്‍ക്കും അവസരം ഉണ്ട് ദേഷ്യം ഉണ്ടെങ്കിലും ഞാന്‍ സമ്മാനം സ്വീകരിക്കുംട്ടോ, കാരണം എനിക്ക് നിങ്ങളോടെ ദേഷ്യം ഉള്ളൂ സമ്മാനത്തിനോട് ദേഷ്യം ഇല്ലാട്ടോ.
ആ കണ്ട അപ്പോളേക്കും മുഖം മുഴുവന്‍ ദേഷ്യം വന്നു, ഇതാണ് പറയുന്നെ ഇക്കാലത്ത് സത്യത്തിനും സ്നേഹത്തിനും ഒരു വിലയും ഇല്ലെന്ന്. അതെല്ലാം പോട്ടെ നിങ്ങള്‍ തന്നില്ലേലും ഞാന്‍ ആഘോഷിക്കും നല്ല പൊളപ്പന്‍ ആയിട്ട് എന്റെ നിയകുട്ടി എടുത്തുതന്ന പുതിയ ഷര്‍ട്ടും,പാന്റും പിന്നെ വൈകീട്ടത്തെ ഒരു ഡിന്നരും കൂടെ ഞങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറായി നില്കുകയാണ്.അപ്പോള്‍ നല്ല സുഹൃത്തുകളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.
പിന്നെ എല്ലാ നല്ലവരായ ഞങ്ങളുടെ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ വക ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു.