18 July 2010

ആഴ്ചാന്ത്യം


വീണ്ടും ഒരാഴ്ചകൂടി
ബുധന്റെ വേര്‍പാട്
വ്യാഴത്തിന്റെ അന്ത്യയാമങ്ങളില്‍
ക്ഷീണിതനായി
അത്യുഷ്ണത്തിന്റെ
അതിരുവിട്ട ദാഹവും
ഒരുമിച്ചൊരു യാത്ര
തുടങ്ങാം ഇനിയൊരു
വിഷാദ സന്ധ്യയില്‍
അവസരത്തിനൊത്തു
ചിന്തിക്കുകയും
പറയുകയും
കരച്ചിലടക്കിപ്പിടിച്ചു
ചിരിച്ചും ,പൊള്ളയായ
വാക്കുകള്‍ ഉച്ചരിച്ചും
ദീര്‍ഘമായ
കാഴ്ചകളൊന്നുമില്ലാതെ
ഇരുട്ടിനെ വരവേല്‍ക്കാന്‍
പടിയിറങ്ങുന്ന
അന്തേവാസികള്‍
ഉത്തുംഗശൃംഗങ്ങളില്‍
നേരം ചിലവഴിച്ചും
വഴക്കടിച്ചും മറഞ്ഞു പോയ
ഓരോദിനത്തിന്റെയും
നേര്‍കാഴ്ചകള്‍
നഷ്ടപ്പെട്ട നമുക്കേവര്‍ക്കും
ഇനിയുമുണരാതെ ഉറങ്ങാന്‍
ഒരു വെള്ളിയാഴ്ച കൂടി.

08 July 2010

ഊഴം


[കുറച്ചു ദിവസങ്ങള്‍ക് മുന്നേ " വൃദ്ധ സദനം" എന്ന പേരില്‍ ഒരു കഥ മെയില്‍ വന്നു, തന്റെ വൃദ്ധമാതാവിനെ വൃദ്ധ സദനത്തില്‍ തള്ളിയ ഒരാളുടെ കഥ, അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല നാളെ വിധി അവരെയും ഈ വിതത്തില്‍ തിരിച്ചടിക്കുമെന്ന്. അതില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട്‌ എഴുതിയതാണ് ഈ കഥ. ]



ബഷീര്‍ എല്ലാ പ്രവാസികളെയും പോലെ ഗള്‍ഫില്‍ വന്നു പെട്ടവന്‍, ഭാര്യ സുഹറയുടെ നിരന്തരമുള്ള ഒരു പരാതി തീര്‍ക്കാനായി അയാള്‍ നാട്ടില്‍ വന്നതാണ് ,കുറച്ചു നാളായി അവള്‍ വിടാതെ പുറകെ കൂടിയിട്ട്, അവളോടുള്ള സ്നേഹകൂടുതല്‍ കൊണ്ടുതന്നെ അയാളത് ചെയ്യാന്‍ തീരുമാനിച്ചു വന്നതാണ്. അവള്‍ക്കു ബഷീറിന്റെ ഉമ്മയെ നോക്കാന്‍ വയ്യത്രെ, മാത്രമല്ല അവള്‍ക്കു ഉമ്മ ഒരു ഭാരമായി മാറിയിരിക്കുന്നു അതുകൊണ്ട് ഉമ്മയെ വൃദ്ധ സദനത്തിലക്കുവാനുള്ള സുഹറയുടെ ബുദ്ധി നടപ്പിലാക്കാന്‍ ലീവ് എടുത്തു വന്നതാണയാള്‍. അങ്ങനെ ഉമ്മയെ വൃദ്ധ സദനത്തിലാക്കി തിരിച്ചുവരികയായിരുന്നു ബഷീറും സുഹറയും മകനും, സുഹറയുടെ മുഖത്ത് സന്തോഷത്തിന്റെ അലകള്‍ അടിച്ചിരുന്നു,ഹാവൂ ഇനി ആ‍ തള്ളയുടെ ശല്യം സഹിക്കേണ്ടല്ലോ സ്വസ്തമായി ഇനി എവിടേക്കും പോകാം അതും ആലോചിച്ചു അവള്‍ പുഞ്ചിരി തൂകി മുന്‍സീറ്റില്‍ തന്നെ ഇരുന്നിരുന്നു,ഇടക്കൊന്നു ബഷീറിനെ നോക്കിയപ്പോള്‍ അയാളുടെ മുഖത്ത് ഒരു വിഷമം നിഴലിച്ചു കാണാമായിരുന്നു. ഉമ്മയെ വിട്ടു പിരിഞ്ഞ വിഷമമോ അതോ കുറ്റബോധമോ അയാളില്‍ കാണാമായിരുന്നു.വണ്ടി ഓടിക്കുന്നു എങ്കിലും അയാളുടെ ശ്രദ്ധ മറ്റെവിടെയോ ആണ് . പെട്ടന്നു പുറകിലിരിക്കുന്ന മകന്റെ ചോദ്യം കേട്ടാണ് അയാള്‍ ഞെട്ടിതിരിഞ്ഞത്. " ഉപ്പാ... ഇനി എന്നാ ഞാനിനി ഉപ്പാനെയും ഉമ്മാനെയും വൃദ്ധാസദനത്തില്‍ ആക്കേണ്ടത് " ഇതുകേട്ട് ബഷീറിന്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു,അയാളുടെ കാലിന്റെ അടിയില്‍നിന്നും ഭൂമി ഒലിച്ചു പോകുന്നത് പോലെ അയാള്‍ക്ക്‌ തോന്നി.അയാള്‍ ചെയ്ത തെറ്റിനെ ഓര്‍ത്തു നിസ്സഹായനായി സുഹറയെ നോക്കി അവളുടെ മുഖത്തും കുറ്റബോധം നിഴലിച്ചു നിന്നിരുന്നു.ഇതെല്ലാം മനസ്സിലാകാതെ അവരുടെ മകന്‍ അവന്റെ ഊഴവും കാത്തിരുന്നു .

03 July 2010

ഹര്‍ത്താല്‍


രാവിലെ നമ്മുടെ " ഹംസക്ക " ഒരു മെയില്‍ അയച്ചു തന്നു, വിലക്കയറ്റത്തെ കുറിച്ചു അതുകണ്ടപ്പോള്‍ ‍ എഴുതിയതാണ് ഈ വരികള്‍. വരികള്‍ നന്നായിട്ടില്ലേല്‍ ക്ഷമിക്കുക പതിനഞ്ചു മിനിറ്റില്‍ തയ്യാറാക്കിയതാണ്.
അപ്പോള്‍ കടപ്പാട് : ഹംസക്കാക്ക്.
-------------------------------------------------


കയ്യില്‍ കാശില്ലാഞ്ഞിട്ടോ
കടയില്‍ വിലകൂടിയിട്ടോ
വീട്ടില്‍ ഒന്നും വെച്ചിട്ടില്ല
ഭാര്യ പറഞ്ഞു ഇന്നും ഹര്‍ത്താല്‍ .

കാരണം തിരക്കി കവലയിലെത്തി
ആളുകളെല്ലാം ഒഴിഞ്ഞു പോയി
അവിടേം നിന്നും അറിയാന്‍ കഴിഞ്ഞു
ബ്രസീലിന്‍ തോല്‍‌വിയില്‍ ഇന്നും ഹര്‍ത്താല്‍ .

പനിവന്നാലും പുലി വന്നാലും
വിലകൂടിയാലും ബോംബുവീണാലും
മലയാളിക്കിത് ആഘോഷം
ഹര്‍ത്താലെന്നൊരു ആഘോഷം.

അളിയന്‍ വന്നു രാവിലെ തന്നെ
കുപ്പിയുമായി പെങ്ങള് പിറകെ
ആഘോഷിക്കാന്‍ ഈ സുദിനം
ഹര്‍ത്താല്‍ എന്നൊരു ഈ സുദിനം.

വിഡ്ഢികളാം നമ്മളെല്ലാം
അറിയുന്നില്ല ഇതിന്റെ നഷ്ടം
പാവപ്പെട്ട തൊഴിലാളികളുടെ
അടുപ്പുകളന്നു പുകയുകയില്ല.