01 October 2010

ശിക്കാരി- Hunting for A Rising Hero
സ്വന്തം പേരുവെക്കാതെ പോസ്റ്റുകള്‍ ഇട്ട് പല വമ്പന്മാരുടെയും തലയില്‍ ചവിട്ടി ഒരൊറ്റ പോസ്റ്റുകൊണ്ട് വായനക്കാരുടെ കണ്ണിലുണ്ണിയായി മാറിയ ഒരു ബ്ലോഗറെ തേടിയുള്ള എന്റെ അലച്ചില്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നേരില്‍ കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. തുടക്കം മുതല്‍ ഓണ്‍ലൈന്‍ ബന്ധം തുടങ്ങിയ ഞാന്‍ എന്‍റെ കയ്യിലുള്ള എല്ലാ അടവും പ്രയോഗിച്ചു അദ്ദേഹവുമായി ഒന്ന് സംസാരിക്കാന്‍. പക്ഷെ സൂത്രശാലിയായ പുള്ളി എന്നെ വെട്ടിച്ചു കടക്കുന്ന കാഴ്ചകള്‍ എന്നെ ശരിക്കും വട്ടുപിടിപ്പിച്ചു കൊണ്ടിരുന്നു.

പേര് ചോദിച്ചാല്‍ പറയില്ല.. ജോലിസ്ഥലം.. മൊബൈല്‍ നമ്പര്‍.. ഓഫിസിലെ നമ്പര്‍.. എല്ലാം ചോദിച്ചു ഞാന്‍ പുള്ളിക്കാരനെ നിരന്തരം ശല്യപ്പെടുത്തി പക്ഷെ ഒരു രക്ഷയുമില്ല. പുലികളില്‍ പുലിയായ പുള്ളി എന്നെ വെട്ടിച്ചു കടന്നു കളഞ്ഞു. ചാറ്റില്‍ കൂടി എനിക്കറിയാന്‍ കഴിഞ്ഞത് അദ്ദേഹം മലബാറുകാരന്‍ ആണെന്നും ഭാര്യയോടും മകനോടുമോപ്പം ദുബായ് ഖിസൈസ് NMC ഹോസ്പിറ്റലിനു സമീപത്താണ് താമസമെന്നും ഉള്ള ചില കാര്യങ്ങളാണ്.

പല വെള്ളിയാഴ്ചകളിലും ഞാന്‍ അദേഹത്തെ എന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു പക്ഷെ പിടി തന്നില്ല. എങ്ങനെയെങ്കിലും കണ്ട് പിടിക്കാന്‍ വേണ്ടി വ്യാഴാഴച്ചകളില്‍ രാത്രി ചാറ്റ് ചെയ്തു വെള്ളിയാഴ്ച പോകുന്ന സ്ഥലവും സമയവും അന്നെഷിച്ചു. നോ രക്ഷ! എങ്ങനെയെങ്കിലും അദേഹത്തെ കാണണമെന്ന എന്‍റെ വാശി പിന്നെ പുള്ളിയുമായി സംസാരിക്കുക എന്നതായിരുന്നു. ഫോണ്‍ നമ്പര്‍ കൊടുത്തിട്ടും വിളിച്ചില്ല. നമ്പര്‍ തരുന്നില്ല. ഒടുവില്‍ ഗൂഗിള്‍ ടാക്കില്‍ ഒരു ദിവസം സംസാരിച്ചു, എന്‍റെ സംസാരവും സന്തോഷവും കണ്ട് ഭാര്യ, നിയ പോലും അന്ധാളിച്ചു പോയി. കാരണം അത്രയ്ക്കും ഞാന്‍ അദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ലാത്തിയടി. കേട്ടാല്‍ ആരും ഇഷ്ടപെട്ടു പോകുന്ന ശൈലി.

ഉച്ചത്തിലുള്ള സംസാരവും, , എല്ലാം നിസ്സാരമാക്കുന്ന പെരുമാറ്റവും തമാശ നിറഞ്ഞ വാക്കുകളും കേട്ടപ്പോള്‍ ഞാനാകെ ത്രില്ലടിച്ചു. എന്‍റെ മാറ്റം കണ്ടുകൊണ്ടിരുന്ന ഭാര്യക്ക് തോന്നി എനിക്ക് വട്ടുപ്പിടിച്ചെന്നു. പിന്നെ എന്തോ ഒരു അടുപ്പം അദ്ധേഹത്തിനും തോന്നിക്കാണും. പക്ഷെ, നേരില്‍ കാണാനോ പേര് പറയാനോ മനസ്സ് കാണിക്കാത്ത ബ്ലോഗറോട് എനിക്ക് ദേഷ്യമാണ് തോന്നിയത്. ഞാന്‍ ചാറ്റില്‍ കൂടി ചീത്ത പറഞ്ഞു. തനിക്ക് ജാടയാനെന്നു പറഞ്ഞു. പ്രകോപിപ്പിച്ചു. എന്നാല്‍ തിരിച്ചു ചൂടായില്ല. പകരം എഴുത്ത് നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ പറയും.. നല്ല ബ്ലോഗുകളിലെക്കുള്ള ലിങ്ക് തരും. ചിലരുടെ എഴുത്ത് രീതികളെ കുറിച്ച് പറയും..

റമസാന്‍ പകുതിയിലാണ് പെരുന്നാള്‍ക്ക് നാട്ടില്‍ പോകുന്ന വിവരം പറഞ്ഞത്. അപ്പോളും അദേഹത്തെ പിന്തുടരുന്നകാര്യം ഞാന്‍ പറഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ പുള്ളി പോകുന്ന സമയവും മറ്റും എന്നോട് പറഞ്ഞു. ഞാന്‍ അന്ന് നോമ്പ് തുറന്ന് നേരെ വെച്ച് പിടിച്ചു ദുബായ് എയര്‍ പോര്‍ട്ടിലേക്ക്. അവിടെ എത്തുമ്പോള്‍ കോഴിക്കോട്ടേക്കുള്ള എമിരേറ്റ്സ് എയര്‍ലൈന്‍സ്‌ പുറപ്പെടാന്‍ 4 മണിക്കൂര്‍ ഉണ്ട്. ഞാന്‍ അക്ഷമയോടെ കാത്തിരുന്നു. പടച്ചോനെ, . ഞാന്‍ ഇതുവരെ നടത്തിയ എല്ലാ ശ്രമവും പൊട്ടുമോ! എന്‍റെ കണ്ണുവെട്ടിച്ചു പുലി കടന്നു കളയുമോ! ഓരോരുത്തരുടെയും നീക്കം ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ നോ ഫലം!

മാസങ്ങളായുള്ള എന്‍റെ എല്ലാ ശ്രമവും പരീക്ഷണങ്ങളും അനോണി ബ്ലോഗറെ കണ്ടുപിടിക്കാനുള്ള ഒരു ചാന്‍സും നഷ്ടപെട്ട വേദനയാല്‍, നിരാശയാല്‍, ദേഷ്യത്താല്‍ ഞാന്‍ വണ്ടിയില്‍ കയറി ഡോര്‍ അടച്ചതും പെട്ടന്ന് മുന്നിലൂടെ ഒരുത്തന്‍ ഒരു ബാഗുമായി ഓടി വന്നതും സൈഡ് ഗ്ലാസ്സില്‍ തട്ടിയതും ഒരുമിച്ചായിരുന്നു. ദേഷ്യത്തോടെ ഞാന്‍ ഗ്ലാസ്‌ താഴ്ത്തി ആക്രോശിച്ചു.

"തനിക്കെന്താഡോ കണ്ണ് കണ്ടൂടെ..?"

"കണ്ണ് കാണാത്തത് എനിക്കല്ല.. നിങ്ങള്‍ക്കാ.."


"ഓടിവന്ന് വണ്ടിക്കു തട്ടിയിട്ടു തര്‍ക്കുത്തരം പറയുന്നോ"

"ജിഷാദ് ഭായീ, അബുദാബീന്നു ഇവിടം വരെ എന്നെക്കാണാന്‍ വന്നത് ചൂടാവാനാ.? വരൂ.. അകത്തു ചെന്നിരിക്കാം.."

ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നീണ്ടു വെളുത്ത സുന്ദരന്‍! ചുരുണ്ട മുടിയും കട്ടിമീശയുമുള്ള, പെന്‍സില്‍ പോലുള്ള ഇവനോ ബൂലോകം വിറപ്പിക്കുന്ന സിംഹം! ഇത്രെയേറെ കമന്റു വരുത്താനും ആളുകളെ ചിരിപ്പിക്കാനും ഇവനെങ്ങനെ കഴിയുന്നു! സംശയത്തോടെ ഞാന്‍ നോക്കിയപ്പോള്‍ "പെന്‍സില്‍" പറഞ്ഞു.

"അതാണ്‌ കണ്ണൂരാന്‍... !" പിന്നെ ഒരു പൊട്ടിച്ചിരിയും....

"ചാറ്റില്‍ ഫ്ലൈറ്റ് ടൈമും ടെര്‍മിനലും വിശദമായി ചോദിച്ചപ്പോഴേ എനിക്ക് അറിയാമായിരുന്നു. ജിഷാദ് എന്നേം കൊണ്ടേ പോകുന്ന്. അകത്തു നിങ്ങളെ ഞാന്‍ നിരീക്ഷിച്ചിരുന്നു. ഒടുവില്‍ കാറില്‍ കയറും വരെ കാത്തിരുന്നതാ. ആള് ഭയങ്കര ചൂടനാണല്ലോ!"

മതിയായി എന്‍റെ മനസ്സ് നിറഞ്ഞു.... എല്ലാവര്‍ക്കും താങ്കളെ അറിയാനും പരിചയപെടാനും താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഉമ്മയെ കൂട്ടാനാണ് പോകുന്നതെന്നും നാലാം ദിവസം തിരിച്ചെത്തുമെന്നും അപ്പോള്‍ വിശദമായി കാണാമെന്നും പറഞ്ഞെങ്കിലും ഞാന്‍ വിട്ടില്ല. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി 'മുങ്ങല്‍ വിദഗ്ധന്‍' അരമണിക്കൂറോളം സംസാരിച്ചു. ഞാന്‍ ചോദ്യങ്ങള്‍ കൊണ്ട് പുലിയെ വീര്‍പ്പുമുട്ടിച്ചു. പ്രസക്ത ഭാഗങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു..!

Q. മിസ്റ്റര്‍ കണ്ണൂരാന്‍, താങ്കളെ കുറിച്ച് അറിയാന്‍ താങ്കളുടെ ആരാധകര്‍ക്ക് ആഗ്രഹം ഉണ്ട്, അത് കൊണ്ട് തന്നെ താങ്കളെ കുറിച്ച് രണ്ടുവാക്ക്‌.

A. പേര് കണ്ണൂരാന്‍. നാട് കണ്ണൂരില്‍. (എന്താ, രണ്ടു വാക്കില്‍ ഉത്തരമായില്ലേ എന്നര്‍ത്ഥത്തില്‍ നോക്കുന്നു)

Q. വളരെ പെട്ടന്ന് താങ്കള്‍ ഭൂലോകത്ത് ഞങ്ങളുടെ പ്രിയതാരമായിമാറി. എന്താണ് അതിന്റെ രഹസ്യം? ഈ വളര്‍ച്ചയില്‍ അസൂയാലുക്കള്‍ ഉണ്ടോ ?

A.'കല്ലിവല്ലി' വായിക്കുന്ന ആര്‍ക്കും കണ്ണൂരാന്‍ ഒരു പുതിയ ആളാണെന്ന് തോന്നരുതെന്ന വാശിയുണ്ടായിരുന്നു. ഈ വര്ഷം ഫിബ്രവരിയിലാണ് ഈയുള്ളവന്‍ ബ്ലോഗിലേക്ക് വരുന്നത്. നന്നായി നിരീക്ഷിച്ചു. ഹോം വര്‍ക്ക് ചെയ്തു. May ഒടുവില്‍ സ്വന്തമായി ബ്ലോഗ്‌ തുടങ്ങി. June ആദ്യവാരം ഒരു പോസ്റ്റിട്ടു. ഇന്നും ആരും വിശ്വസിക്കുന്നില്ല ഞാനൊരു പുതുമുഖമാണെന്നു. ഇത് തന്നെയാണ് കണ്ണൂരാന്റെ വിജയം. പിന്നെ, മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കാന്‍ മാത്രം കണ്ണൂരാന്‍ വളര്‍ന്നിട്ടില്ലെന്നാ എനിക്ക് തോന്നുന്നത്.

Q. എന്തുകൊണ്ടാണ് താങ്കള്‍ സ്വന്തം പേരും,മറ്റും വെളിപ്പെടുത്താതെ എഴുതുന്നത്‌ .

A. എഴുതിത്തെളിഞ്ഞതിനു ശേഷം പുറംതോട് പൊട്ടിച്ചു പുറത്തേക്കു വരാമെന്നു തോന്നി.

Q. താങ്കളുടെ എഴുത്തിന്റെ ശൈലി കണ്ടുകൊണ്ടു ആരാധികമാര്‍ പിറകെ ഉണ്ടെന്നു കേട്ടല്ലോ അത് എത്രത്തോളം ശരിയാണ്.

A. തിരിഞ്ഞു നോക്കാതെയുള്ള ഒരു ഓട്ടമാണിത്. പിറകെ ആരൊക്കെ ഉണ്ടെന്നു നോക്കുന്നില്ല. ഒരുനാള്‍ കണ്ണൂരാന്‍ വീഴും. അതുവരെ അവരൊക്കെ എന്നോടൊപ്പം ഉണ്ടായാല്‍ മതി.

Q. ഭൂലോകത്ത് സീനിയേര്‍സ് ജൂനിയേര്‍സ്‌ എന്നുള്ള തരംതിരിവ് ഉണ്ടോ ? ഉണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ?

A. അതൊന്നുമില്ല. വ്യക്തിജീവിതത്തില്‍ അങ്ങനെയാവാം. എഴുത്തില്‍ ആസ്വാദന നിലവാരത്തിനാണ് മുന്‍തൂക്കം. കുറേകാലം ബ്ലോഗിലുണ്ടെന്നു കരുതി കാര്യമായ പോസ്റ്റുകളൊന്നും ഇടാത്ത ഒരാളെ എഴുന്നള്ളിച്ചു നടക്കേണ്ടതില്ല. പക്ഷെ നന്നായി എഴുതുന്ന, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്ന ആരെയും പ്രോത്സാഹിപ്പിക്കണം. അതിനു സീനിയര്‍ ജൂനിയര്‍ എന്ന തരംതിരിവ് ആവശ്യമില്ല.

Q. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മറ്റുള്ളവരെ മെയില്‍ അയച്ചു അറിയിക്കുക, ചാറ്റില്‍ കോപ്പി ചെയ്യുക, അവരുടെ പോസ്റ്റില്‍ കയറി കമെന്റ് കൊടുത്തുകൊണ്ട് അവരെ ക്ഷണിക്കുക ഇതിനെ കുറിച്ച്..?

A. ഗ്രഹപ്രവേശത്തിനും വിവാഹത്തിനും ക്ഷണിക്കുമ്പോലെ തന്നെയാണിത്. മുട്ടുകില്‍ തുറക്കപ്പെടും എന്ന വാക്യം ബ്ലോഗിലാണ് പ്രായോഗികമാകുന്നത്. 'കല്ലിവല്ലി'യില്‍ ഒരു പോസ്റ്റ്‌ ഇട്ടാല്‍ ഒന്നിലേറെ തവണ മെയില്‍ അയക്കാറുണ്ട്. ഭാഗ്യത്തിന് ആരും ഇതേവരെ 'ഇനി അയക്കല്ലേ' എന്ന് പറഞ്ഞിട്ടില്ല. ഇനി അങ്ങനെ ആവശ്യപ്പെട്ടാലും അനുസരിക്കാന്‍ കഴിയില്ല. കാരണം ആവശ്യമില്ലാത്ത മെയിലുകള്‍ക്ക് വിശ്രമിക്കാന്‍ SPAM ഉണ്ടല്ലോ. സമാന മനസ്ക്കര്‍ വന്നു വായിച്ചു കമന്റിടും. അല്ലാത്തവര്‍ തല ചൊറിഞ്ഞു പുണ്ണാക്കട്ടെ.

Q. ഭൂലോകത്ത് പെണ്ണുങ്ങള്‍ക്ക്‌ മാത്രം കമെന്റ് കൊടുക്കുക, അവരുമായി അശ്ലീശ ചാറ്റ് ചെയ്യുന്ന വിരുതന്മാരെ കുറിച്ച്?

A. ബ്ലോഗു കൊണ്ട് പശുവിന്റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും മാറുമെന്കില്‍ നമ്മളായിട്ട് പാരയാകണോ?

Q.ഭൂലകത്തു വന്നിട്ട് താങ്കള്‍ക്കു കിട്ടിയ നല്ല സുഹൃത്തുക്കള്‍ ? നല്ല നിലവാരമുള്ള പോസ്റ്റ്‌? നല്ല നിലവാരമുള്ള ബ്ലോഗ്‌ ?

A. ഒരുപാടുണ്ട്. (ഡേയ്, ഒക്കെ പറയിപ്പിച്ചു ഇപ്പോള്‍ കിട്ടുന്ന കമന്റുകളുടെ എണ്ണം കുറയ്ക്കണോ എന്ന ഭാവത്തില്‍ നോക്കുന്നു..)

Q. ബ്ലോഗ്‌ എഴുതാന്‍ വൈഫിന്റെ പ്രചോദനം ? പിന്നെ ബ്ലോഗും കുടുംബവും എങ്ങനെ ഒരുമിച്ചു കൊണ്ട് പോകുന്നു ?

A. എന്റെ നാട്ടിലൊരു രവിയേട്ടനുണ്ട്. അയാള്‍ക്ക്‌ കുറെ പശുക്കളും ഒരു ചായക്കടയും കൃഷിപ്പണിയും മക്കളും ഭാര്യയുമുണ്ട്. ഒരുസമയം ഒരുപാട് ജോലി ചെയ്യുന്ന അയാളേക്കാള്‍ വലുതല്ല കണ്ണൂരാന്‍ എന്ന് സ്വയം ആശ്വസിക്കും. എന്നെ ബ്ലോഗില്‍ നിന്നും പിന്തിരിപ്പിക്കാനാ ശ്രീമതിയുടെ ശ്രമം. അസൂയയാ. അവള്‍ക്കിതൊന്നും ചെയ്യാന്‍ പറ്റാത്ത അസൂയ!

Q. ബ്ലോഗില്‍ ഇഷ്ടമില്ലാത്ത വിഷയം ? താങ്കളെ വേദനിപ്പിച്ച കമെന്റ് ? ബ്ലോഗില്‍ താങ്കള്‍ കൊടുത്ത വേദനിപ്പിക്കുന്ന കമെന്റ് ?

A. "മതപരമായും മറ്റും എഴുതി ചുമ്മാ ആളുകളെ വെറുപ്പിക്കുന്ന, തമ്മിലടിപ്പിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ ഇഷ്ട്ടമല്ല. ഇതേവരെ വേദനിപ്പിക്കുന്ന കമന്റുകള്‍ എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ, ഏതോ ഒരു ബ്ലോഗില്‍ സോണ എന്ന ബ്ലോഗറോട് എനിക്ക് തര്‍ക്കിക്കേണ്ടി വന്നു. അതില്‍ വൈകാരികമായിട്ടാണ് ഞാന്‍ അയാള്‍ക്കെതിരെ കമന്റിയത്. അദ്ദേഹം എന്നോട് പൊറുക്കട്ടെ.

Q. താങ്കള്‍ ബീഡി വലിക്കുമോ , എന്തുകൊണ്ടാണ് പുകവലിക്കുന്ന ഫോട്ടോ ഇട്ടിരിക്കുന്നത്.? വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എന്ത് ചെയ്യും?

A. "ആ ഫോട്ടോയാണ് 'കല്ലിവല്ലി'യിലെ ആകര്‍ഷണം. ഈ ചോദ്യത്തിന് കാരണവും ആ ഫോട്ടോ അല്ലെ? ഇതേവരെ വന്ന വിമര്‍ശനങ്ങളെ പൂമാലയായ് സ്വീകരിച്ചിട്ടില്ല. "കണ്ണൂരാന്‍" എന്ന പേര് തന്നെ ഇട്ടതു ഒരു ധൈര്യത്തിനാ ഭായീ..!"

Q. എന്നെങ്കിലും ഈ ഒളിച്ചുകളി അവസാനിപ്പിച്ച് വരുമോ? എല്ലാവരും അറിയപ്പെടുന്ന കണ്ണൂരാന്‍ ശരിയായ പേരില്‍ വരുമോ?

A. "വരാം. വരാതിരിക്കാം.."

Q. ബ്ലോഗിലെ പുതുമുഖങ്ങളോടും,സുഹൃത്തുക്കളോടും എന്താണ് പറയാനുള്ളത്? കൂടെ താങ്കളുടെ വിജയ രഹസ്യവും?

A. 'കല്ലിവല്ലി'യില്‍ പോസ്റ്റ്‌ ഇട്ടാല്‍ അറിയിക്കും. വന്നു വായിച്ചു കമന്റി കണ്ണൂരാനെ സന്തോഷിപ്പിക്കുക. ആദ്യം വിജയിക്കട്ടെ. എന്നിട്ട് പറയാം രഹസ്യം."

ഇത്രയും പറഞ്ഞു ഇനിയൊരവസരത്തില്‍ കാണാം എന്ന ഉറപ്പിന്മേല്‍ സലാം പറഞ്ഞു പിരിഞ്ഞു, ഒപ്പം ബ്ലോഗിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകളും അന്വേഷണവും അറിയിച്ചു.

അങ്ങനെ കണ്ണൂരാനെന്ന ബ്ലോഗ്‌ പുലിയെ ആദ്യമായി കാണുന്ന ഒരു എലിയായിമാറി ഞാന്‍.