30 December 2010

നിനക്കായ് മാത്രം


എന്നുമെന്‍ ആത്മാവിന്‍ കുളിരേകുവാന്‍
എന്‍ മുന്നില്‍ തെളിഞ്ഞ പൊന്‍ദീപമേ
എന്നിലെ ജീവനെ നിനക്കു നല്‍കി
എന്നും ഞാന്‍ നിന്നരികില്‍ കൂട്ടിരിക്കാം....
നിനക്കായ് മാത്രമായ് കൂട്ടിരിക്കാം.

ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം,
ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ ഒരാള്‍ കൂടെ വരും, ഞങ്ങളെ അനുഗ്രഹിച്ചാലും...

01 December 2010

സി.ഐ.ഡി മൂസ



വണ്ടിയുടെ ഇന്‍ഷുറന്‍സ് പുതുക്കാനായി ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍, ആ‍ ഓഫിസിന്റെ തൊട്ടടുത്ത്‌ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അപ്പുറത്തെ സൈഡില്‍ വണ്ടി ഇട്ടുകൊണ്ട്‌ പതുക്കെ തണലിലൂടെ നടക്കുകയായിരുന്നു,പെട്ടന്ന് ഒരുത്തന്‍ എവിടെ നിന്നോ ചാടി എന്‍റെ മേലുമുട്ടികൊണ്ട് നിന്നു, അപ്രതീക്ഷിതമായി കിട്ടിയ താങ്ങലിന്റെ ഗുണമോ അതോ എന്‍റെ സിക്സ്പാക്ക് ബോഡിയുടെ കുഴപ്പമോ ഞാന്‍ പമ്പരം കറങ്ങുന്നതുപോലെ കറങ്ങി, അവനെ തെറിവിളിക്കാനായി തിരിഞ്ഞു നോക്കിയപ്പോള്‍ ആറടി ഉയരത്തില്‍ കറുത്ത് തടിച്ച ഒരുത്തന്‍ അവനെ കണ്ടപ്പോള്‍ എന്‍റെ സകല ദേഷ്യവും പമ്പകടന്നു, കാരണം നല്ല ഇടി നാട്ടില്‍ നിന്നും കിട്ടും എന്തിനാ ചുമ്മാ അവന്റെ കൈ മേനക്കെടുത്തുന്നെ ! അപ്പോളേക്കും അവനെന്നെ തളളിമാറ്റി നിലത്തു നിന്നും എന്തോ എടുത്തു പൊക്കി കാണിച്ചു കൊണ്ട് അവന്റെ ഭാഷയില്‍ എന്തൊക്കെയോ സന്തോഷത്താല്‍ വിളിച്ചു പറയുന്നുണ്ട്, എനിക്കൊന്നും മനസ്സിലായില്ല ഞാനാണെങ്കില്‍ പൊട്ടന്‍ പൂരം കണ്ടതുപോലെ നില്‍കുകയാണ്‌, നടന്നകലാന്‍ നോക്കിയ എന്നെ അവന്‍ പിടിച്ചു നിര്‍ത്തികൊണ്ട്‌ പറഞ്ഞു, എനിക്ക് അമ്പതുരൂപ കളഞ്ഞു കിട്ടി അതും പറഞ്ഞു അവന്‍ വീണ്ടും തുള്ളി ചാടാന്‍ തുടങ്ങി,ഇതൊന്നും മനസ്സിലാകാതെ നിന്ന എന്നോട് അവന്‍ പറഞ്ഞു ഇത് നിന്റെ പൈസ ആണോ എന്ന് നോക്കാന്‍, ഞാന്‍ നോക്കാതെ തന്നെ പറഞ്ഞു എന്റേതല്ല പൈസ എന്ന്, എന്നാലും അവന്‍ പറഞ്ഞു നീ നോക്കു ഇത് നിന്റേതു തന്നെയാണെന്ന് അവന്‍ തറപ്പിച്ചു പറഞ്ഞു,ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അതാ ഒരു കറുത്ത് തടിച്ച ഒരുത്തന്‍ ഓടിവന്നു കൊണ്ട് പറഞ്ഞു ഇതു എന്‍റെ പൈസയാണ് ഞാന്‍ കുറെ നേരം ആയി ഇത് നോക്കി നടക്കുന്നു എന്ന്, പക്ഷെ പൈസ കിട്ടിയവന്‍ യാതൊരു വിധത്തിലും അത് സമ്മതിക്കുന്നില്ല, പിന്നെ അവര് രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമായി അവസാനം തല്ലിന്റെ വക്കത്തോളം എത്താനായപ്പോള്‍ ഞാന്‍ പതിയെ മുങ്ങാന്‍ നോക്കുന്നതിനിടയില്‍ രണ്ടു പേരും എന്നെ കയറി പിടിച്ചിട്ടു പറഞ്ഞു ഞങ്ങള്‍ പോലിസിനെ വിളിക്കാന്‍ പോകുകയാണ് നിങ്ങള്‍ ആണ് സാക്ഷി അതുകൊണ്ട് പോകാന്‍ വരട്ടെ എന്ന് പറഞ്ഞു.

ഞാന്‍ പരിസരം വീക്ഷിച്ചപ്പോള്‍ അവിടെ ആരെയും കാണുന്നില്ല,ഞാനാണെങ്കില്‍ രണ്ടു സിംഹങ്ങളുടെ ഇടയില്‍പെട്ട ആട്ടിന്‍കുട്ടിയെ പോലെ നിന്നു പരുങ്ങാന്‍ തുടങ്ങി, പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു, ഈ പൈസ എന്‍റെ അല്ല നിങ്ങള്‍ തമ്മിലുള്ള വഴക്കില്‍ എനിക്ക് ഇടപെടാനും താല്പര്യം ഇല്ല എന്ന് പറഞ്ഞു ഞാന്‍ കൈ കുതറി, ഉടനെ പൈസ കിട്ടിയവന്‍ പറഞ്ഞു എന്നാല്‍ ഒരു കാര്യം ചെയ്യ്, നമ്മള്‍ക്കെല്ലാവര്കും അവരവരുടെ പേര്‍സ് നോക്കാം ആരുടെ പൈസയാണ് നഷ്ടപെട്ടത് എന്ന് അപ്പോള്‍ അറിയാം എന്നായി,ഉടനെ പൈസ പോയി എന്ന് പറയുന്നവന്‍ അവന്റെ പേഴ്സ് എടുത്തു കാണിച്ചു,അതിലെ കുറച്ചു പഴയ നോട്ടുകള്‍ എണ്ണി നോക്കിയിട്ട് പറഞ്ഞു, അയ്യോ ക്ഷമിക്കണം എനിക്ക് തെറ്റ് പറ്റിയതാണ് എന്‍റെ കയ്യിലെ പൈസ എല്ലാം ഇതില്‍ ഉണ്ട് അതുകൊണ്ട് ക്ഷമിക്കണം എന്നും മറ്റുള്ളവരുടെ പേഴ്സ് നോക്കാനും പറഞ്ഞു, ഇതുകേട്ടയുടനെ പൈസ കിട്ടിയവന്‍ അവന്റെ പേഴ്സ് എടുത്തു നോക്കിപറഞ്ഞു എന്റെയും പോയിട്ടില്ല അപ്പൊ പിന്നെ പൈസ എന്റെതാണെന്നും പേഴ്സ് കാണിക്കാനും ആവിശ്യപെട്ടു,എനിക്കാണേല്‍ ആകെ വട്ടു പിടിച്ചു അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപെട്ടാല്‍ മതിയെന്നായി,കാരണം എന്‍റെ സമയം പോയികൊണ്ടിരിക്കുകയാണ്,മനസ്സില്‍ ദേഷ്യമെല്ലാം ഒതുക്കി ഞാന്‍ എന്‍റെ പേഴ്സ് എടുത്തുകാണിച്ചതും ഒരുത്തന്‍ അത് തട്ടിപറച്ചു ഓടി,എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നില്‍ക്കുന്നിതിനിടയില്‍ രണ്ടാമനും ഓടി, ഒരു നിമിഷം തലകറങ്ങുന്നത് പോലെ തോന്നി, പേര്‍സില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള പൈസ, എന്‍റെ പത്താക്ക, ഇന്‍ഷുറന്‍സ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ്, എല്ലാം പോയി ആ‍ ഒരു നിമിഷം ഞാന്‍ മറ്റൊന്നും ചിന്തിക്കാതെ ഉറക്കെ ഓളിയിട്ടു പിന്നാലെ ഓടി, എന്ത് ഫലം ! ഉസൈന്‍ബോള്‍ട്ടിന്റെ നാട്ടുകാരന്റെ പിന്നാലെ പി ടി ഉഷയുടെ നാട്ടുക്കാരന്‍ ഓടിയിട്ടു എന്ത് കാര്യം, എന്നാലും നാട്ടില്‍വെച്ച് നായ കടിക്കാന്‍ ഓടിച്ചതോര്‍മ്മ വെച്ച് പിന്നാലെ വെച്ച് പിടിച്ചു, പെട്ടന്നായിരുന്നു എല്ലാം സംഭവിച്ചത്.

പൈസയും കൊണ്ട് ഓടിയവന്‍ വാഴവെട്ടിയിട്ടതുപോലെ വീഴുന്നു, അവിടെ നിന്നും എഴുനേറ്റു ഓടാന്‍ ശ്രമിച്ച അവനെ കെട്ടിടത്തിന്റെ മറവില്‍ നിന്ന കറുത്ത് തടിച്ചു കന്തൂറയിട്ട ഒരുത്തന്‍ പിടിച്ചു വെച്ചു, കുതറി മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാളുടെ കരുത്തിനു മുന്നില്‍ അവനു കിടന്നു പിടയുവാനെ കഴിഞ്ഞുള്ളു, ഞാന്‍ കരുതി അവരുടെ തന്നെ സംഘത്തില്‍ പെട്ടവര്‍ തന്നെ പണത്തിനു വേണ്ടി അടിപിടി ഉണ്ടാകുകയാണെന്നാണ്, അപ്പോളേക്കും എവിടെനിന്നൊക്കെയോ ആളുകള്‍ ഓടികൂടി, ഞാന്‍ അവിടെ എത്തിയതും, ഓടിയവനെ പിടിച്ചു അയാളൊന്നു കുലുക്കി, നാട്ടില്‍ മഞ്ഞുകാലത്ത് മരത്തില്‍ കുലുക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ വീഴുന്നതുപോലെ അയാളുടെ മുടിയിഴകളില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ കൊഴിഞ്ഞു, പതുക്കെ അയാളെ തറയില്‍ പിടിച്ചിരുത്തി എന്തൊക്കെയോ അറബിയില്‍ ‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

ഉടനെ ആരോ പോലീസിനെ വിളിക്കുകയും, നിമിഷങ്ങള്‍ക്കകം അവരെത്തി അയാളെ വണ്ടിയില്‍ പിടിച്ചിരുത്തി, പിന്നെ പോലീസും കന്തൂറയിട്ട കറുത്തവനും എന്തൊക്കെയോ സംസാരിച്ചു ,അതിനു ശേഷം എന്നെ വിളിച്ചുകൊണ്ടു അവര്‍ ചോദിച്ചു താങ്കളുടെ പേഴ്സ് ആണോ ഇത്, ആണെന്ന് ഞാന്‍ മറുപടി നല്‍കി, അവര്‍ അതിലെ പത്താക ചെക്ക്‌ ചെയ്തതിനു ശേഷം എനിക്ക് തിരിച്ചു നല്‍കി കൊണ്ട് പറഞ്ഞു, കേസ് ഉണ്ടെങ്കില്‍ അവരുടെ കൂടെ ചെല്ലാന്‍ പറഞ്ഞു, ഇനി ഇങ്ങനത്തെ ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കാനും പറഞ്ഞു.പരാതിയില്ല എന്ന് പറഞ്ഞപ്പോള്‍ സലാം ചൊല്ലി അവര്‍ അയാളെയും കൊണ്ട് പോയി, അപ്പോള്‍ കള്ളനെ പിടിച്ച ആ‍ കറുത്ത് തടിച്ച മനുഷ്യന്‍ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാന്‍ അടുത്തു ചെന്ന് സലാം ചൊല്ലി സംസാരിച്ചു, ഒരു ദൈവദൂതനെ പോലെ വന്ന താങ്കള്‍ ആരാണ്? താങ്കള്‍ കാരണം എനിക്ക് തിരിച്ചു കിട്ടിയത് വിലപിടിപുള്ള എന്‍റെ സാധനങ്ങള്‍ ആണ്, അയാള്‍ പോക്കറ്റില്‍ നിന്നും അയാളുടെ കാര്‍ഡ്‌ എടുത്തു കാണിച്ചു, മൂസ എല്‍ഹാതി , സുഡാനി വംശജന്‍ ആയ അയാള്‍ ഇവിടെ CID ആയിരുന്നു, അതിനു ശേഷം അയാള്‍ പറഞ്ഞു താങ്കളെ ആദ്യമേ അയാള്‍ വന്നു തട്ടിയ നിമിഷംതൊട്ട് ഞാന്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അതുകൊണ്ട് തന്നെയാണ് അവരെ പിടികൂടാനായതും, ഞാന്‍ അയാളോട് ഒരുപാട് നന്ദി പറഞ്ഞു, അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ചെയ്തത് എന്‍റെ ജോലി മാത്രം, എല്ലാത്തിനും അല്ലാഹുവിനോട് നന്ദി പറയുക, പോകുമ്പോള്‍ അദ്ദേഹം ഫോണ്‍ നമ്പര്‍ തരാനും മറന്നില്ല, പിന്നെ ആ‍ ബന്ധം വളര്‍ന്നു, ഇടക്കിടെ അദ്ധേഹത്തെ സന്ദര്‍ശിച്ചും ആ‍ പരിചയവും സഹായാവും പുതുക്കികൊണ്ടേ ഇരുന്നു. മാത്രംമല്ല അതിനുശേഷം സ്നേഹത്തോടെ ഞാന്‍ അദ്ധേഹത്തെ വിളിച്ചിരുന്നത്‌ CID മൂസ എന്നുമായിരുന്നു.