14 February 2011

അവളുടെ പ്രണയം


പ്രണയ നൈരാശ്യത്താല്‍ ഞാനിവിടെ
നീറി നീറി കഴിയുമ്പോളും
പുതിയ കാമുകനുമൊത്ത്
അവളവിടെ ആര്‍ത്തുല്ലസിക്കുകയായിരുന്നു
നാളത്തെ അവസ്ഥ എന്തെന്നറിയാതെ
അവനും അവളോടൊപ്പം ആര്‍മാദിക്കുന്നു.
അവളുടെ പ്രണയ വൈരുദ്യം കണ്ട്
ഞാന്‍ ഒരിക്കല്‍ ചോദിച്ചു
നീ ഒരു പെണ്ണാണോ ?
അതെ ! പലപുരുഷനേയും കണ്ടറിഞ്ഞ പെണ്ണ്
അതായിരുന്നു അവളുടെ മറുപടി.

15 January 2011

കുഞ്ഞാലിക്ക



വെള്ളിയാഴ്ചയായതിനാല്‍ പുതച്ചു മൂടിയുള്ള കിടപ്പിന് ഒരു സുഖമുണ്ട്,അതിനിടയിലാണ് കിച്ചണില്‍നിന്നും ഉറക്കെയുള്ള വിളികേട്ടത്‌, കേള്‍ക്കാത്ത ഭാവത്താല്‍ ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു.അപ്പോള്‍ അവള്‍ വന്നെന്നെ കുലുക്കി വിളിച്ചു, ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തോടെ ഞാന്‍ എണീറ്റ്‌ ചോദിച്ചു, എന്താ ? ഗ്യാസ് കഴിഞ്ഞു ഒന്നു വിളിച്ചു പറയ് കടയിലേക്ക്,ഞാന്‍ എണീറ്റ്‌ കടയിലേക്ക് വിളിച്ചു പറഞ്ഞു,ഇനി എന്തായാലും ഉറക്കം വരില്ല, എണീറ്റ്‌ പല്ല് തേച്ചു വരുമ്പോളേക്കും ചായയുമായി ഭാര്യ മുന്നില്‍, ചായയും ബിസ്കറ്റും കഴിച്ചിരിക്കുമ്പോള്‍ ഡോര്‍ബെല്‍ അടിഞ്ഞു,തുറന്നു നോക്കിയപ്പോള്‍ വിയര്‍ത്തു കുളിച്ച് കയ്യില്‍ എടുത്താ പൊങ്ങാത്ത ഒരു ഗ്യാസ് സിലിണ്ടറുമായി
കുഞ്ഞാലിക്ക...സലാം ചൊല്ലി കുഞ്ഞാലിക്ക നേരെ കിച്ചണില്‍ പോയി ഗ്യാസ് മാറ്റി പഴയതുമായി ഹാളിലേക്ക് വന്നു,അപ്പോളേക്കും അയാള്‍ക്കുള്ള ചായയുമായി എന്‍റെ ഭാര്യയും വന്നു.

ചായ കുടിച്ചിരിക്കെ അയാളുമായി സംസാരിച്ചു സാധാരണ മുഖത്ത് കാണാറുള്ള സന്തോഷം കാണാതായപ്പോള്‍ ഞാന്‍ ചോദിച്ചു എന്തുപറ്റി ഇക്ക ഒരു വല്ലായ്മപോലെ ,ഒന്നും ഇല്ല മോനെ ഞാന്‍ പണി നിര്‍ത്തി നാട്ടില്‍ പോകുകയാണ് ,മിക്കതും അടുത്ത ആഴ്ച പോകും,എന്ത്പറ്റി ഇക്ക പെട്ടന്ന് പോകാന്‍ നാട്ടില്‍ എന്തേലും പ്രശ്നങ്ങള്‍ ഉണ്ടോ ? ഇല്ല പക്ഷെ ഇവിടെ നിന്നിട്ട് ഒരു മെച്ചവും ഇല്ല.അതിനേക്കാള്‍ നല്ലത് നാട്ടില്‍ പോയി വല്ല കൂലിപ്പണിയും ചെയ്യുന്നതാണെന്ന്.അതെന്താ ഇക്കാ ഇപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ ഇവിടെ സുഖം അല്ലെ പണിയും ഉണ്ട് വരുമാനവും ഉണ്ടല്ലോ നാട്ടില്‍ പോയിട്ട് എന്ത് കിട്ടാനാണ്‌ ? അപ്പോള്‍ ആയാള്‍ പറഞ്ഞു മോന് എന്താ ഇവിടെ എനിക്ക് ആകെ കിട്ടുന്നത് 750 ദിര്‍ഹംസ് ആണ്, ഭക്ഷണവും താമസവും അവര് തരും,പക്ഷെ രാവിലെ ആറുമണിക്ക് തുടങ്ങിയാല്‍ രാത്രി രണ്ടുമണിവരെ പണി ഉണ്ടാകും അതിനിടയില്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ മാത്രം ഒരു മണിക്കൂര്‍ ഒഴിവുണ്ട്. ഇവിടെ ഇങ്ങനെ മരിച്ചു പണിയെടുത്തിട്ടും നാട്ടിലേക്ക് തികച്ചു അയ്യായിരം രൂപ അയക്കാന്‍ കഴിയുന്നില്ല,അതിനിടയില്‍ രണ്ടു പെണ്മക്കളെ കെട്ടിച്ച കടം,വീട്ടിലെ കാര്യങ്ങള്‍, എല്ലാം കൂടെ ഈ കിട്ടുന്ന പൈസകൊണ്ട് തികയുന്നില്ല, പിന്നെ ഇവിടെ നിന്നു പോകുന്നു, പത്ത് വര്ഷം ആയി ഇതുവരെ ഒരു വീടുപോലും സ്വന്തമായി ഇല്ല,ശമ്പളം കൂടുന്നില്ല,പിന്നെ മൂന്നു വര്‍ഷം കൂടുമ്പോള്‍ വിസ പുതുക്കാനുള്ള കാശും, ഇന്‍ഷുറന്‍സ് കാര്‍ഡിനുള്ള കാശും ഞാന്‍ തന്നെ അടക്കണം,മകനെ ഒരു നിലയില്‍ ആക്കിയിട്ടു പോകണം എന്ന് കരുതിയിരിക്കുമ്പോളാണ് ഇവിടത്തെ പുതിയ നിയമം വന്നത്,ഇനി മുതല്‍ വിസ രണ്ടു വര്‍ഷത്തേക്ക് അടിക്കുകയുള്ളൂ മാത്രവുമല്ല മുന്പ് മൂന്നു വര്‍ഷത്തിനു മൂവ്വായിരം എന്നത് ഇനി രണ്ടു വര്‍ഷത്തിനു അയ്യായിരം അടക്കണം അത് ഞാന്‍ കയ്യില്‍ നിന്നും കൊടുക്കുകയും വേണം, അങ്ങിനെയായാല്‍ ഞാന്‍ നാട്ടിലേക്ക് പൈസ അയക്കുകയാണോ ചെയ്യുക അതോ വിസ അടിക്കാനായി പൈസ കൂട്ടിവെക്കുകയാണോ ചെയ്യുക , അത് പറയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിസ്സഹായത നിഴലിക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ള ചായ കുടിച്ചു ആയാള്‍ പോകാനായി അയാള്‍ പോകാനായി എഴുന്നേറ്റു.

അതിനിടയിലാണ് ഞാന്‍ അയാളുടെ മകന്‍ എന്തു ചെയ്യുന്നു എന്ന് ചോദിച്ചത്, അവനോ അവന്‍... അവനവിടെ കറങ്ങി നടക്കുകയാണ് , അവന്റെ വാപ്പ ഗള്‍ഫിലാണെന്നും പറഞ്ഞു കൂട്ടുകൂടി കറങ്ങി നടക്കുകയാണ്,രാവിലെ പോയാല്‍ രാത്രിവരും,പലതും പഠിപ്പിക്കാന്‍ വിട്ടു പക്ഷെ എല്ലാം പകുതിവെച്ച് നിര്‍ത്തി അവന്‍ കൂട്ടുകൂടി നടക്കുകയാണ്.ഞാന്‍ പറഞ്ഞു ഇക്കാക്ക് അവനെ ഒന്നു പറഞ്ഞു മനസ്സിലാക്കി കൂടെ ഇക്കാ ഇവിടെ എങ്ങനെയാണ് പൈസ ഉണ്ടാക്കുന്നത്‌ എന്ന്, അപ്പോളയാള്‍ പറഞ്ഞു കാര്യമില്ല, ഗള്‍ഫ്‌ എന്നാല്‍ സ്വര്‍ഗമാണെന്നും, അവിടെ പൈസ പൂത്തു നില്കുകയാനെന്നുമാണ് എല്ലാരുടെം വിചാരം നമ്മളിവിടെ എന്തൊക്കെ ത്യാഗം സഹിച്ചും പെറ്റ നാടിനെയും വീടിനെയും വീട്ടുകാരെയും വിട്ടു നീറി നീറി ജീവിച്ചു മിച്ചംവെച്ചു പൈസ ഉണ്ടാകുന്ന വിഷമം ആര്‍ക്കും അറിയില്ല കാരണം, എത്ര മോശമായ ജോലിയാണെങ്കിലും നാട്ടിലേക്ക് നമ്മള്‍ പോകുന്നത് കൈ നിറയെ സമ്മാനങ്ങളും കാശുമായാണ്‌ അത് കണ്ടവര്‍ക്കെല്ലാം ഗള്‍ഫ്‌ സ്വര്‍ഗമാണ്, നമ്മള്‍ പ്രവാസികള്‍ക്ക് ഇതെന്നും നരകം മാത്രം.

അത് പറയുമ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു ,കുഞ്ഞാലിക്കാടെ വാക്കുകള്‍ക്ക് കാതോര്‍ക്കുമ്പോഴും എന്റെ കണ്ണുകള്‍ ആ വൃദ്ധനെ നിരീക്ഷിക്കുകയായിരുന്നു.ചുക്കി ചുളിഞ്ഞ ശരീരം.,ദിവസങ്ങളായി ഷേവ് ചെയ്യാത്ത മുഖം നരച്ച മുടി അങ്ങിങ്ങായി വളര്‍ന്നു നില്‍ക്കുന്നു...അത് കണ്ടപ്പോള്‍ ഭാര്യ എന്‍റെ കാലില്‍ ചവിട്ടി, അത് സംസാരം നിര്‍ത്താനുള്ള സിഗ്നല്‍ ആണെന് മനസ്സിലാക്കിയ ഞാന്‍ അവിടെവെച്ചു ആ‍ സംസാരം നിര്‍ത്തി,ആയാള്‍ പതുക്കെ കണ്ണ് തുടച്ചു പുറത്തേക്ക് പോയി,പിന്നീടുള്ള ദിനങ്ങളില്‍ കുഞ്ഞാലിക്കയെ തീരെ കാണാറില്ലായിരുന്നു, ഒരുദിവസം ഓഫീസില്‍ നിന്നും വന്നു വണ്ടി പാര്‍ക്ക് ചെയ്തു നടക്കുമ്പോള്‍ കുഞ്ഞാലിക്ക അടുത്ത വീട്ടില്‍ വണ്ടി കഴുകുന്നത് കണ്ടു, സലാം ചൊല്ലിയപ്പോള്‍ തിരിച്ചു ചൊല്ലി,ഞാന്‍ ചോദിച്ചു ഇപ്പോളും നാട്ടില്‍ പോയില്ലേ? ഇല്ല മോനെ , അടുത്ത മാസം പോകാം എന്ന് കരുതി,പോകുമ്പോള്‍ ടിക്കെറ്റിനും മറ്റും കാശുവേണം മാത്രമല്ല നാട്ടിലേക്ക് പോകുമ്പോള്‍ എല്ലാവരും എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു കൊണ്ടിരിക്കും അതിനായി കുറച്ചു കാശ് വേണം അതുകൊണ്ടാ ഞാന്‍ ഈ പുതിയ പണി ചെയ്യുന്നത്, ഹും എന്ന് ഇരുത്തി മൂളി ഞാന്‍ നടന്നകന്നു,വീട്ടില്‍ എത്തി ഡ്രസ്സ്‌ മാറുന്നതിനിടയില്‍ ഡോര്‍ ബെല്ലടിച്ചു, തുറന്നു നോക്കിയപ്പോള്‍ എന്‍റെ സഹോദരന്‍, അവന്‍ നിന്നു കിതക്കുന്നുണ്ട്‌, എന്താടാ പറ്റിയെ ഞാന്‍ ചോദിച്ചു, ഡാ അവിടെ വണ്ടി കഴുകിരുന്ന ആളെ പോലീസ് പിടിച്ചു, പിടിച്ചയുടനെ അയാള്‍ പോലീസിന്റെ കയ്യില്‍ കടിച്ചു കൊണ്ട് ഓടിരക്ഷപെട്ടു, അപ്പോളാണ് ഞാന്‍ ഓര്‍ത്തത് , അല്ലാഹ്... അത് കുഞ്ഞാലിക്കയല്ലേ, ഞാന്‍ ഉടനെ പുറത്തേക്ക് ചെന്നു നോക്കുമ്പോള്‍ കടി കിട്ടിയ പോലീസുകാരന്‍ ഫോണില്‍ വിളിച്ചു എന്തൊക്കെയോ അറബിയില്‍ പറയുന്നുണ്ട്,എന്നെ കണ്ടപ്പോള്‍ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു എന്നിട്ട് എന്നോട് ചോദിച്ചു, ഇവിടെ വണ്ടി കഴുകുന്നവനെ നീ അറിയുമോ അവന്‍ എന്നെ ആക്രമിച്ചു രക്ഷപ്പെട്ടു, അവനെ ഇപ്പോള്‍ പിടിക്കും എല്ലായിടത്തും അവനെ തപ്പുന്നുണ്ട്, കിട്ടിയാല്‍ അവനെ വെറുതെ വിടില്ല, അവന്‍ അക്രമിച്ചിരിക്കുന്നത് UAE ലോക്കല്‍ പോലീസിനെയാണ്,ഞാന്‍ അറിയില്ല എന്നും പറഞ്ഞു അവിടെ നിന്നും പതിയെ നീങ്ങി,അപ്പോളും അവന്‍ കടികിട്ടിയ കയ്യുമായി കലി അടങ്ങാതെ എന്തൊക്കെയോ പുലംബുകയും കാലുകൊണ്ട്‌ അവന്റെ വണ്ടിയുടെ ടയറില്‍ ചവിട്ടുകയും ചെയ്യുന്നുണ്ട്.

പിന്നെ അതിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല അതിനിടയില്‍ കടയില്‍ ഞാന്‍ പോയപ്പോള്‍ അതിന്റെ മുതലാളിയോട് കുഞാലിക്കയെ കുറിച്ച് അന്വേഷിച്ചു, അപ്പോളാണ് അറിഞ്ഞത് കുഞ്ഞാലിക്കയെ പോലീസ് പിടിച്ചു എന്നും ഇപ്പോള്‍ ജയിലില്‍ ആണെന്നും ,അയാള് ആവിശ്യമില്ലാത്ത ഓരോന്നും വരുത്തിവെച്ചു ഞങ്ങള്‍ക്ക് ചുമ്മാ പണിയുണ്ടാക്കി എന്നല്ലാതെ എന്ത് പറയാന്‍,അതും പറഞ്ഞു അയാളെനിക്ക് സാധനങ്ങള്‍ തന്നു.അത് വേടിച്ചു വരുമ്പോളും എന്‍റെ മനസ്സില്‍ അയാളായിരുന്നു, പൊരിവെയിലത്ത് സൈക്കിളില്‍ സാധനങ്ങള്‍ അടക്കിവെച്ചു എല്ലാ വീട്ടിലേക്കും നിറപുഞ്ചിരിയോടെ കടന്നു ചൊല്ലുന്ന, വിയര്‍പ്പ് തുള്ളികള്‍ തുടച്ചു കൊണ്ട് സലാം ചൊല്ലി സംസാരം തുടങ്ങുന്ന‍ കുഞ്ഞാലിക്ക...



ഇതുപോലെ ആയിരങ്ങള്‍ സ്വന്തം കുടുംബത്തിനായി കഷ്ടപെടുന്നു,നാട്ടിലുള്ളവരുണ്ടോ ഇതെല്ലാം അറിയുന്നു, എന്‍റെ വാപ്പ ഗള്‍ഫിലാണ്, എന്‍റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും പറഞ്ഞു ഇവിടെ നിന്നും വിയര്‍പ്പു പൊടിഞ്ഞു കിട്ടുന്ന കാശ് അടിച്ചു പൊളിച്ചും ദൂര്ത്തടിച്ചു കളഞ്ഞു തുലക്കുന്നവര്‍ അറിയുന്നില്ല ഈ വേദന... ഒടുവില്‍ എല്ലാം അവസാനിപ്പിച്ചു ചെല്ലുബോള്‍ ആര്ക്കും വേണ്ടാത്ത ഒരു വസ്തുവായി ഒരു മുറിയുടെ മൂലയില്‍ ഒടുങ്ങുന്ന ജീവിതം.